കണ്ണൂർ: കണ്ണൂരിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സ്പോർട്സ്-വ്യാപാര സമുച്ചയ പദ്ധതിയുൾപ്പെടെ കോർപറേഷന് 2026-2027 സാമ്പത്തിക വർഷം 715,84,22,406 രൂപയുടെ ബജറ്റ്. 355,41,31,420 രൂപ ചെലവും 360,42,90,986 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ഡെപ്യൂട്ടി മേയർ കെ.പി. താഹിറാണ് അവതരിപ്പിച്ചത്.
2025-26 പുതുക്കിയ ബജറ്റില്‍ 544,24,51,317 രൂപയുടെ വരവും 311,33,30,481 രൂപയുടെ ചെലവും 232,91,20,836 രൂപയുടെ നീക്കിയിരുപ്പുമാണ് ഉണ്ടായത്. ഈ നീക്കിയിരിപ്പുൾപ്പെടെയാണ് 715,84,22,406 രൂപയുടെ ബജറ്റ്. നഗരത്തില്‍ സ്പോര്‍ട്സ്-വ്യപാര സമുച്ചയം, നാറ്റ് ഓഫീസ് പദ്ധതി, കണ്ണൂർ ടോയ് ടൗൺ പദ്ധതി.
ഇലക്ട്രിക് ബസുകളും ഇവി ചാർജിംഗ് സ്റ്റേഷനുകൾ, ആരോഗ്യ വിഭാഗത്തിന് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ, തെരുവുനായ നിയന്ത്രണം, പയ്യാന്പലത്തെ അന്താരാഷട്ര ടൂറിസം കേന്ദ്രമാക്കി ഉയർത്തൽ, കണ്ണൂർ സവാരി, സ്കേറ്റിംഗ് ബാങ്ക് ട്രാക്ക് എന്നിവയാണ് ബജറ്റിലെ പ്രധാന നിർദേശങ്ങൾ.
സ്പോര്‍ട്സ്-വ്യാപാര സമുച്ചയം
ജവഹര്‍ സ്റ്റേഡിയവും പഴയ ബസ് സ്റ്റാൻഡും ബന്ധിപ്പിക്കുന്ന വ്യാപാര സമുച്ചയമാണ് ബജറ്റിലെ പ്രധാന പദ്ധതി. ജവഹർ സ്റ്റേഡിയവും പഴയ ബസ്സ്റ്റാൻഡും പൂര്‍ണമായി പൊളിച്ച് ആധുനികമായ രീതിയില്‍ പുതുക്കിപ്പണിയും. അണ്ടര്‍ ഗ്രൗണ്ട് വഴി രണ്ടിടങ്ങളെയും ബന്ധിപ്പിക്കും. വിശാലമായ പാര്‍ക്കിംഗ്, മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍, ഫുഡ് കോര്‍ട്ട്, ഇന്റർനാഷണല്‍ കണ്വന്ഷന് സെന്റർ, മീറ്റിംഗ് ഹാളുകള്‍, മാളുകള്‍ എന്നിവയടക്കമാണ് വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഡിപിആറിന് ഒന്നരക്കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
നൈറ്റ് ഓഫീസ് പദ്ധതി
പകലുകൾ പോലെ തന്നെ രാത്രി സമയത്തും സുരക്ഷിതമായി പ്രവർത്തിക്കുന്ന നഗരത്തെയാണ് 24 മണിക്കൂര്‍ സിറ്റി എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്. പോലീസ്, നൈറ്റ് ടൈം സെക്യൂരിറ്റീസ്, സ്വകാര്യ കട ഉടമകൾ, സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകൾ, യൂത്ത് ഗ്രൂപ്പ്, റസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന് എന്നിവരുടെ സഹകരണത്തോടെ നൈറ്റ് ഓഫീസ് പ്രവര്‍ത്തിക്കും. ഇതിനായി 10 കോടി വകയിരുത്തി.
കണ്ണൂർ ടോയ് ടൗൺ പദ്ധതി
നെയ്ത്ത്, കൊത്തുപണികൾ മുതലായ കരകൗശല മേഖലയിലും തെയ്യം, കളരിപയറ്റ് പോലുള്ള ജനകീയ കലകളിലും സമ്പന്നമായ കണ്ണൂരിന് ഈ മേഖലകളിൽ ഗണ്യമായ സാധ്യതകളുണ്ട്. ഇത്തരം സാധ്യതകൾ മുൻനിർത്തി ഉത്പാദന ക്ലസ്റ്ററുകൾ, ഡിസൈൻ ഇന്നൊവേഷൻ കേന്ദ്രങ്ങൾ, പഠന സൗകര്യങ്ങൾ എന്നിവ സംയോജിപ്പിച്ച് കളിപ്പാട്ട നിർമാണ കേന്ദ്രം വികസിപ്പിക്കുന്നതിനായി ഒരുകോടി രൂപ വകയിരുത്തി.
പയ്യാമ്പലത്ത് അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രം
പയ്യാമ്പലം ബീച്ചിലെ നിലവിലെ വാക്ക് വേ നീര്‍ക്കടവ് വരെ ദീര്‍ഘിപ്പിക്കും. 24 മീറ്റര്‍ റോഡ്, പ്രവേശന പാലം, ക്രമീകരിച്ച പാര്‍ക്കിംഗ്, സ്മാര്‍ട്ട് ലൈറ്റിംഗ്, മോഡേണ്‍ ബങ്കുകള്‍, ടോയ്ലറ്റുകള് എന്നിവ സ്ഥാപിക്കും. ഇതിനായി 2.5 കോടി രൂപ വകയിരുത്തി.
ഭക്ഷണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കൽ
കണ്ണൂർ കോർപറേഷൻ പരിധിയിൽ ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകകടകൾ എന്നിവയടക്കം ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളിലെ ഭക്ഷണത്തിന്റെ ഗുണനിലവര പരിശോധന കർശനമാക്കും. ഇവിടങ്ങളിൽ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണകളുടെ ഗുണമേന്മ ഉറപ്പാക്കും. എണ്ണയുടെ പഴക്കം കണ്ടെത്തുന്നതിനായി ആരോഗ്യ വിഭാഗത്തിനായി പത്ത് ഫ്രൈയിംഗ് ഓയിൽ മോണിറ്റർ വാങ്ങിക്കും. ഇതിനായി പത്തുലക്ഷം നീക്കിവച്ചു.
ഇലക്ട്രിക് ബസുകളും ഇവി ചാർജിംഗ് സ്റ്റേഷനുകളും
നഗര ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി കെഎസ്ആർടിസിയുമായ സഹകരിച്ച് കോർപറേഷൻ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കും. ഇതോടൊപ്പം തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇതിനായി അഞ്ചുകോടി വകയിരുത്തി.
കണ്ണൂർ സവാരി ട്രാവൽ സർക്യൂട്ട്
നഗരത്തിലെത്തുന്ന സഞ്ചാരികൾ നേരിടുന്ന ഓൺലൈൻ ടാക്സി സംവിധാനങ്ങളിലെ ചൂഷണം ഒഴിവാക്കാനായി ട്രാവൽ സർക്യൂട്ട് സംവിധാനം ഒരുക്കും. വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, തീർത്ഥാടന കേന്ദ്രങ്ങൾ, ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കേന്ദ്രങ്ങൾ എന്നിവയെ കൂട്ടിയോജിപ്പിച്ചുള്ള യാത്രാ സംവിധാനമാണ് കണ്ണൂർ സവാരി. ഇതിനായി അഞ്ചുലക്ഷം വകയിരുത്തി.
സ്കേറ്റിംഗ് ബാങ്ക് ട്രാക്ക്
ഉത്തരമലബാറിലെ ആദ്യ സ്കേറ്റിംഗ് ബാങ്ക് ട്രാക്ക് പള്ളിയാംമൂലയിൽ നിർമിക്കും. ഇതിനോടനുബന്ധിച്ച് സൈക്ലിംഗ് റാന്പ്, വാക്ക് വേ എന്നിവ കൂട്ടിയോജിപ്പിച്ച് ഭാവിയിൽ സ്പോർട് കോംപ്ലക്സാക്കി മാറ്റും. ഇതിനായി ഒരുകോടി അനുവദിച്ചു.
മറ്റു പ്രധാന പദ്ധതികളും ബ്രാക്കറ്റിൽ വകയിരുത്തിയ തുകയും
സമഗ്ര നഗര ഡ്രെയിനേജ് സംവിധാനം (ഏഴുകോടി), ആധുനിക ജൈവ-ഖരമാലിന്യ മാനേജ്മെന്റ് സംവിധാനം (ആറുകോടി), ശാസ്ത്രീയ റോഡ് വികസനവും പരിപാലന സംവിധാനം, കോർപറേഷൻ പുതിയ ആസ്ഥാന മന്ദിരം അടിസ്ഥാന സൗകര്യ വികസനം (അഞ്ചുകോടി വീതം), അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി (3.56 കോടി), കാർഷിക മേഖല-വെർട്ടിക്കൽ ഫാമിംഗ് (2.5 കോടി), തീരദേശ ടൂറിസം, മഹാത്മ വാർഡ് സേവന കേന്ദ്രങ്ങൾ (രണ്ടുകോടി വീതം), തെരുവുനായകളെയും മൃഗങ്ങളെയും നിയന്ത്രിക്കുന്ന സമഗ്ര പദ്ധതി, പൂർണ കവറേജോടെയുള്ള ആധുനിക സൗരോർജ തെരുവുവിളക്കുകൾ, തൊഴിൽ/ജോബ് വെബ്സൈറ്റ്,
കണ്ണൂർ ദസറ-(സ്പോൺസർഷിപ്പ്), മാലിന്യ നീക്കത്തിന് ആധുനിക റോബോട്ടിക് സംവിധാനം (ഒരുകോടി വീതം), സ്കൂൾ കുട്ടികൾക്ക് സൗജന്യ യൂണിഫോം (85 ലക്ഷം), കോർപ്പറേഷൻ ഭവന സംരക്ഷണ പദ്ധതി, മത്സ്യം നമ്മുടെ സമ്പത്ത് (80 ലക്ഷം വീതം), യുജി ഡെക്റ്റ് സംവിധാനം, മൃഗ സംരക്ഷണ പരിപാടി (50 ലക്ഷം വീതം), അന്താരാഷ്ട്ര നഗര രൂപകല്പന, എഐ അടിസ്ഥാന ആസൂത്രണം, ത്രിഡി നഗര ദൃശ്യാവതരണം, കോർപറേഷൻ ജീവൻരക്ഷാ പദ്ധതി (20 ലക്ഷം വീതം), മേയേഴ്സ് ട്രോഫി (11 ലക്ഷം),
നെയ്ത്ത്-കളരി-തെയ്യം അനുഭവ കേന്ദ്രം, വയോജന സൗഹൃദ നഗരസഭ, ഹംഗ് ഫ്രീ സിറ്റി (ഇന്ദിര ഗാന്ധി കാന്റീൻ) (10 ലക്ഷം വീതം), കണ്ണൂർ ഡവലപ്പ്മെന്റ് അഥോറിറ്റി, ധനകാര്യ കൺസൾട്ടൻസി ആൻഡ് ഫണ്ട് മൊബിലൈസേഷൻ സെൽ (അഞ്ചു ലക്ഷം വീതം), അന്താരാഷ്ട്ര നിലവാരത്തിലുള്ള നഗര സൈൻബോർഡ് ആൻഡ് വഴികാട്ടി സംവിധാനം (നാലുലക്ഷം), കണ്ണൂർ യൂത്ത് ഇന്നോവേഷൻ ആൻഡ് സ്കിൽ ഹബ് (രണ്ടുലക്ഷം), ബോട്ടാണിക്കൽ ഗാർഡനും നഗരവനവും (1.23 ലക്ഷം).